17 സെപ്റ്റംബർ 2014

പെണ്ണ്‌

പെണ്ണ്
-------

പെണ്ണിനെ കുറിച്ചോർക്കുമ്പോൾ
എനിക്ക്
പെണ്ണിന്റെ മാംസം ഓർമ്മയിൽ വരും
അതിനെ മൂടുന്ന കറുത്ത തുണിയും 

പെണ്ണിന്റെ സുരക്ഷയും
പെണ്ണിന്റെ സ്വാതന്ത്ര്യവും
പെണ്ണിന്റെ ധാർമ്മികതയും
പെണ്ണിന്റെ വസ്ത്രവും 

ചർച്ചിച്ച് ചർച്ചിച്ച് മതിവരുമ്പോൾ
വ്യക്തിയെ കുറിച്ച് ഞാൻ മറന്ന് പോകും 

പെണ്ണിന്റെ ബോധവും ബുദ്ധിയും
പെണ്ണിന്റെ മനസ്സും വികാരവും

ഞാനറിയുന്ന പെണ്ണുങ്ങൾ 
ഇപ്പറഞ്ഞതായിരുന്നു 

എന്റെ, ഉമ്മയും പെങ്ങളും മകളും ഭാര്യയും 
മാംസതുലാസിൽ തൂക്കാൻ മനസ്സ് വന്നില്ല

ഇറച്ചിക്കാട്ടിലെ വിൽപന ശാലയിൽ
തൂക്കിയിട്ട ഇറച്ചിക്കഷ്ണങ്ങൾക്ക്
ലിപ്സ്റ്റിക്ക് വരഞ്ഞിരുന്നു
പൗഡറിട്ട് ക്രീമ് തേച്ച്
കണ്ണെഴുതി ലിംഗം വടിച്ചിരുന്നു

ക്ഷമിക്കണം,
ഇറച്ചിക്കാട്ടിലെ മാംസങ്ങളങ്ങനെയാണ്
നമുക്കവയുടെ വിലയൊന്ന് പേശി നോക്കാം
എന്നിട്ട്,
പെണ്ണിന്റെ വിലയിൽ നമുക്കഭിമാനിക്കാം.. 

1 അഭിപ്രായം: